കോൽക്കത്ത: ഏകീകൃത സിവിൽ കോഡ് ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു യുസിസി.
അധികാരത്തിൽ വന്ന് ആറ് മാസത്തിനകം ഇത് നടപ്പാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പ്രഖ്യാപനം. എന്നാൽ നിശ്ചയിച്ച സമയപരിധിക്കും വളരെ മുൻപാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബിൽ സഭയിലെത്തിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിനിടയിലാണ് തിങ്കളാഴ്ച ബിൽ സഭയുടെ പരിഗണനയ്ക്ക് വരുന്നത്.
ഗുജറാത്ത്, ആസാം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും ബംഗാളിലും യുസിസി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
കൂടാതെ ഈ ബില്ലിലൂടെ സംസ്ഥാനത്ത് ബഹുഭാര്യത്വവും മുത്തലാഖും പൂർണമായി നിരോധിക്കാനും ലിവ്-ഇൻ പങ്കാളിത്തങ്ങൾ നിർബന്ധിതമായി രജിസ്റ്റർ ചെയ്യാനും നിർദ്ദേശമുണ്ട്. എന്നാൽ ബില്ല് വ്യക്തിനിയമങ്ങളും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.